ഹെലൻ (ത്രില്ലർ 2019 മലയാളം)
തണുപ്പ് അരിച്ചു കയറുന്നുണ്ട്, ബ്ലാങ്കെറ്റ് ഒന്ന് കൂടി വലിച്ച് ഇട്ടു, എന്നിട്ടും തണുപ്പ് മാറുന്നില്ല, കൈകൾ ഓക്കെ മരവിച്ച പോലെ, പുറത്തെ ടെമ്പറേച്ചർ നോക്കിയപ്പോ 8° ആണ് കാണിക്കുന്നത് റൂം ഹീറ്ററും ചലിക്കുന്നുണ്ട് എന്നിട്ടും ഒരു തണുപ്പ് നട്ടെല്ലിൽ കൂടി അരിച്ചിറങ്ങുന്ന പോലെ. സ്‌ക്രീനിൽ ഹെലൻ ഇരിക്കുന്ന ഫ്രീസറിന്റെ ടെംപറേച്ചർ -14° എന്ന് കണ്ടപ്പോൾ തന്നെ ഒരു ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. ഫോൺ ഉപയോഗിക്കാൻ ആയി ബ്ലാങ്കെറ്റിനു വെളിയിൽ ഇട്ട കൈ കൂടി അകത്തേക്ക് വലിച്ച് ശ്വാസം അടക്കിപിടിച്ച് ഇരുന്നു. അവിടെ നിന്നും ഹെലന് എന്താണ് സംഭവിക്കുന്നത് എന്നറിയുന്നത് വരെ.ഇന്നലെ ഹെലൻ എന്ന സിനിമ കണ്ടപ്പോളത്തെ അവസ്ഥ ആണ് മുകളിൽ പറഞ്ഞത്, വിനീത് ശ്രീനിവാസൻ നിർമിച്ച് മാത്തുക്കുട്ടി സേവിയർ സംവിധാനം ചെയ്ത മികച്ച ഒരു സർവൈവൽ ത്രില്ലർ ആണ് ഹെലൻ. Bsc നഴ്സിംഗ് കഴിഞ്ഞ് കാനഡയിലേക്ക് പോകാൻ ശ്രമിക്കുന്ന ഹെലൻ, അതിനായുള്ള പണം കണ്ടെത്താൻ പഠനത്തോടൊപ്പം ടൗണിലെ ചിക്കൻ ഹബിൽ പാർട്ട് ടൈം ആയി ജോലിയും നോക്കുന്നുണ്ട്, ഒരു ദിവസം ജോലിക്കിടയിൽ അബദ്ധത്തിലോ അതോ ആരുടെയോ അശ്രദ്ധ കൊണ്ടോ ഹബിലെ ഫ്രീസറിനുള്ളിൽ രാത്രി കുടുങ്ങി പോകുന്നു ഹെലൻ, അവിടെ നിന്നും ഉള്ള ഹെലന്റെ അതിജീവന ശ്രമവും, മകളെ കാണാനില്ലാതെ അവളെ കണ്ടെത്താൻ ഉള്ള ഒരച്ഛന്റെ ശ്രമവും ആണ് പിന്നീട് സിനിമ. പ്രേക്ഷകനെ നന്നായി പിരിമുറുക്കത്തിൽ ആക്കുന്ന വിധത്തിൽ ആണ് പിന്നീടുള്ള രംഗങ്ങൾ, കാണുന്ന പ്രേക്ഷകനും ഹെലന്റെ ഒപ്പം ഫ്രീസറിനുള്ളിൽ ആകുന്ന പ്രതീതി.
അഭിനയിച്ചവർ എല്ലാം തങ്ങളുടെ ഭാഗം മികച്ച രീതിയിൽ തന്നെ ചെയ്തിരിക്കുന്നു, അന്നാ ബെന്നിന്റെ ഹെലൻ എന്ന കഥാപാത്രം നൽകുന്ന ഒരു എനർജി വളരെ വലുതാണ്, പഠിച്ചു വിദേശത്തേക്ക് പോകാൻ ഉള്ള ആഗ്രഹവും, എല്ലാവരോടും ഉള്ള സൗഹൃദവും, പ്രതിസന്ധിയെ തരണം ചെയ്യുന്നതും അങ്ങനെ എല്ലാം, ലാലിന്റെ പോൾ എന്ന അച്ഛൻ കഥാപാത്രവും നന്നായി. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധവും എല്ലാം നല്ല രീതിയിൽ തന്നെ പറയാൻ സംവിധായകനും കഴിഞ്ഞു. അജു വർഗീസിന് അൽപം നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രം ആയ എസ് ഐ രതീഷ് പതിവ് ചളി ഹാസ്യ വേഷങ്ങളിൽ നിന്നുള്ള ഒരു മോചനം കൂടി ആയിരുന്നു. തിരക്കഥകൃത്ത്ക്കളിൽ ഒരാളായ നോബിൾ തോമസിന്റെ അസർ എന്ന കഥാപാത്രവും നന്നായിരുന്നു, പിന്നെ റോണി ഡേവിഡിന്റെ ചിക്കൻ ഹബ് മാനേജർ, ബിനു പപ്പുവിന്റെ സർക്കിൾ ഇൻസ്‌പെക്ടർ കഥാപാത്രം ഇവയൊക്കെയും പ്രേക്ഷക മനസ്സിൽ നിൽക്കുന്നത് തന്നെ.
മരണം എന്ന രംഗബോധം ഇല്ലാത്ത കോമാളിക്കു മുന്നിൽ മനുഷ്യൻ എത്ര നിസ്സഹായൻ ആണ് എന്നതും . അത്തരം ഒരു അവസ്ഥയിൽ ഉള്ള മാനസികാവസ്ഥയും ചില രംഗങ്ങളിൽ കൂടി സംവിധായകൻ നമ്മെ കാട്ടുന്നുണ്ട്.
മികച്ച രീതിയിൽ എടുത്തു എങ്കിൽ പോലും സിനിമയുടെ ആസ്വദനത്തെ പുറകോട്ടു വലിക്കുന്ന ഒന്നാണ് പ്രവചിക്കാൻ പറ്റുന്ന കഥാന്ത്യം. അത് കൊണ്ട് തന്നെ ആദ്യാവസാനം പ്രേക്ഷകനെ മുൾമുനയിൽ നിർത്താൻ സാധിക്കാതെ പോകുന്നുണ്ട് എന്നത് ഒരു ചെറിയ പോരായ്മ ആയി തോന്നി. എങ്കിൽ പോലും അവതരണ മികവും അന്നാ ബെന്നിന്റെ മികച്ച അഭിനയവും കൊണ്ട് പ്രേക്ഷകന് കണ്ടിരിക്കാവുന്ന ഒരു സർവൈവൽ ത്രില്ലർ മൂവി തന്നെ ആണ് ഹെലൻ.
തിയറ്ററിൽ നിന്നും പോയ ഒരു സിനിമക്ക് റേറ്റിംഗ് എന്നത് ഔചിത്യം അല്ലാത്തതിനാൽ അതിന് മുതിരുന്നില്ല.
*മൂവി റിവ്യൂ by ബിപിൻ എലിയാസ് തമ്പി.*